പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ്‌ വീഡിയോ കരാര്‍ നല്‍കിയതില്‍ അഴിമതിയെന്ന് ആരോപണം ; വിജിലന്‍സിന് പരാതി

പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ്‌ വീഡിയോ കരാര്‍ നല്‍കിയതില്‍ അഴിമതിയെന്ന് ആരോപണം ; വിജിലന്‍സിന് പരാതി

പത്തനംതിട്ട : ജില്ലയിലെ  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ വീഡിയോഗ്രാഫി കരാറില്‍ അഴിമതിയുണ്ടെന്ന് ഒരു വിഭാഗം വീഡിയോഗ്രാഫര്‍മാര്‍ ആരോപിച്ചു. ആദ്യ ക്വട്ടേഷനുകള്‍ റദ്ദുചെയ്ത് വീണ്ടും  ക്വട്ടേഷന്‍ ക്ഷണിച്ച് ഫോട്ടോഗ്രാഫി രംഗത്തെ ഒരു സംഘടനാ നേതാവിന്റെ പേരില്‍ രഹസ്യമായി കരാര്‍ നല്‍കുകയായിരുന്നുവെന്ന് ഇവര്‍ ആരോപിച്ചു.

 

ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ ആളെ ഉള്‍പ്പെടെ ക്വട്ടേഷന്‍ നല്‍കിയവരെയെല്ലാം പറഞ്ഞുവിട്ടതിനുശേഷം ഫോട്ടോഗ്രാഫി രംഗത്തെ ഒരു സംഘടനാ നേതാവുമായി രഹസ്യ ചര്‍ച്ച നടത്തുകയും ഇയാള്‍ എഴുതി നല്‍കിയ കുറഞ്ഞതുക അംഗീകരിക്കുകയുമായിരുന്നു. മാര്‍ച്ച് മൂന്നിന് രാത്രിയായിരുന്നു കളക്ടറേറ്റിലെ തെരഞ്ഞെടുപ്പ്‌ വിഭാഗത്തില്‍ രഹസ്യ ചര്‍ച്ച. തുടര്‍ന്ന് മാര്‍ച്ച്‌ 4 മുതല്‍ അമ്പതോളം വീഡിയോ യൂണിറ്റുകള്‍ ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ച് അന്ന് കരാറുകള്‍ ഒന്നും ഒപ്പിട്ടിട്ടുണ്ടായിരുന്നില്ല. പഴയ തീയതി വെച്ച് ഇന്നലെയാണ് കരാര്‍ ഒപ്പിട്ടതെന്ന് ഇലക്ഷന്‍ ഡെപ്യുട്ടി കളക്ടര്‍ സമ്മതിച്ചു. എന്നാല്‍ കുറഞ്ഞ തുക രേഖപ്പെടുത്തിയ ക്വട്ടേഷന്‍ എന്തുകൊണ്ട് നിരസിച്ചു എന്നതിന് ഇദ്ദേഹം ഉത്തരം നല്‍കിയില്ല.

 

 

പത്തനംതിട്ട ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മീഷനുവേണ്ടി വീഡിയോഗ്രാഫി വര്‍ക്ക് ചെയ്യുവാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചിരുന്നു. ആദ്യ ക്വട്ടേഷനില്‍ പതിനെട്ടോളം പേര്‍ പങ്കെടുത്തു. ഫെബ്രുവരി 26 ന് ക്വട്ടേഷന്‍ തുറന്നപ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്ക്  രേഖപ്പെടുത്തിയത് കുമ്പഴയിലെ ഒരു സ്റ്റുഡിയോ ആയിരുന്നു. എന്നാല്‍ അന്നേദിവസം വൈകിട്ട് ഇദ്ദേഹത്തിന്റെ മാതാവ് മരിച്ചതിനെ തുടര്‍ന്ന് ഇലക്ഷന്‍ വീഡിയോഗ്രാഫി കരാറില്‍ നിന്നും ഇദ്ദേഹം പിന്‍മാറുന്നതായി തെരഞ്ഞെടുപ്പ് വിഭാഗത്തില്‍ അറിയിക്കുകയും രേഖാമൂലം കത്ത് നല്‍കുകയും ചെയ്തു.

 

തുടര്‍ന്ന് തൊട്ടുമുകളില്‍ 990, 1100 നിരക്ക് രേഖപ്പെടുത്തിയ വ്യക്തികളെ വിളിച്ചെങ്കിലും അവരാരും വീഡിയോഗ്രാഫി കരാര്‍ എടുക്കുവാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഏറ്റവും ഉയര്‍ന്ന തുക രേഖപ്പെടുത്തിയ രണ്ടു സംഘടനകളുടെ ക്വട്ടേഷന്‍ നില നിര്‍ത്തിക്കൊണ്ട്  മറ്റെല്ലാവരും കരാറില്‍ നിന്നും പിന്‍വലിഞ്ഞു. 3300, 3400 എന്നീ തുകകളാണ് ഇവര്‍ രേഖപ്പെടുത്തിയിരുന്നത്. ഉയര്‍ന്ന തുകക്ക് വീഡിയോ കരാര്‍ സംഘടനക്ക് നേടിയെടുക്കുവാനുള്ള നാടകമായിരുന്നു നടന്നത്. എന്നാല്‍ ഇത്ര വലിയൊരു തുകക്ക് കരാര്‍ നല്‍കാന്‍ കഴിയില്ലെന്ന് ഇലക്ഷന്‍ ഡെപ്യുട്ടി കളക്ടര്‍ നിലപാടെടുത്തു. തുടര്‍ന്ന് മാര്‍ച്ച് ഒന്നിന് 1950 രൂപ രേഖപ്പെടുത്തിയ പുതിയ ക്വട്ടേഷന്‍ ചിലരില്‍ നിന്നും ഉദ്യോഗസ്ഥര്‍ എഴുതിവാങ്ങി രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ കരാര്‍ നല്‍കുവാനുള്ള നീക്കം നടത്തി. അടുത്തദിവസം ഇത് വാര്‍ത്തയായതോടെ ഇലക്ഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങി.

 

തുടര്‍ന്ന് മുന്‍ ക്വട്ടേഷനുകള്‍ റദ്ദുചെയ്തുകൊണ്ട് പുതിയ ക്വട്ടേഷന്‍ ക്ഷണിച്ചു. തലേദിവസം വൈകിട്ട് പി.ആര്‍.ഡി വഴി മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കി തൊട്ടടുത്ത ദിവസമായ മാര്‍ച്ച് മൂന്നിന് നാലുമണിക്കകം ക്വട്ടേഷന്‍ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു. ലഭിച്ച ക്വട്ടേഷനുകള്‍ വൈകിട്ട് അഞ്ചുമണിക്ക് ഇലക്ഷന്‍ ഡെപ്യുട്ടി കളക്ടറുടെ നേത്രുത്വത്തില്‍ തുറന്ന് പരിശോധിക്കുകയും ചെയ്തു. ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് കുമ്പഴയിലെ ഒരു സ്ഥാപനമായിരുന്നു. എട്ടു മണിക്കൂര്‍ ജോലിക്ക് 1680 രൂപയും കേന്ദ്ര - സംസ്ഥാന നികുതികള്‍ ഉണ്ടെങ്കില്‍ അവയും ഉള്‍പ്പെടുന്നതായിരുന്നു നിരക്ക്. എന്നാല്‍ ഈ ക്വട്ടേഷന്‍ നല്‍കിയ സ്ഥാപനവുമായി കരാറില്‍ ഏര്‍പ്പെടാതെ മറ്റൊരു വ്യക്തിയുമായി തെരഞ്ഞെടുപ്പ്‌ വിഭാഗം രഹസ്യമായി കരാറില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതില്‍ വഴിവിട്ട നടപടികള്‍ ഉണ്ടെന്നാണ് ആരോപണം.

 

 

ക്വട്ടേഷനുകള്‍ ക്ഷണിച്ചത് വെറും നാടകമായിരുന്നെന്നും സംഘടനാ നേതാവുമായി മുന്‍കൂട്ടി ചില ധാരണകള്‍ ഉണ്ടായിരുന്നതായി സംശയിക്കുന്നെന്നും ക്വട്ടേഷന്‍ നല്‍കിയവര്‍ പറയുന്നു. ക്വട്ടേഷന്‍ തുറന്നപ്പോള്‍ വന്നവരെക്കൊണ്ട്‌ ഒപ്പിടുവിക്കുകയോ ഓരോരുത്തരും നല്‍കിയ നിരക്കുകള്‍ പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തുകയോ ചെയ്തില്ല. മാര്‍ച്ച്‌ 4 മുതല്‍ അമ്പത് വീഡിയോ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നെങ്കിലും വളരെ കുറച്ച് യൂണിറ്റുകള്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കുന്നുള്ളൂ എന്നാണ് അറിയുന്നത്. മറ്റുള്ളവയുടെ കണക്കെഴുതി പണം തട്ടാനുള്ള മാര്‍ഗ്ഗമാണിതെന്നും ആരോപണം ഉയര്‍ന്നുകഴിഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷനും വിജിലന്‍സിലും പരാതി നല്‍കുമെന്നും നിയമവിരുദ്ധമായ ഈ നടപടി ചോദ്യം ചെയ്യുമെന്നും ക്വട്ടേഷന്‍ നല്‍കിയവര്‍ പറഞ്ഞു.